തിരുവനന്തപുരം: ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍എച്ച്എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ശ്രദ്ധ’ പദ്ധതിയുടെ ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.
ഹൈ എന്‍ഡ് അള്‍ട്രാസൗണ്ട് മെഷീന്‍, രക്‌തം അനാലിസിസ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സിഡിസിയില്‍ ശ്രദ്ധ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്.
ശിശുമരണ നിരക്ക് ഇനിയും കുറക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണ നിരക്ക് കുറക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവഷ്‌ക്കരിച്ചിട്ടുണ്ട്. ഗര്‍ഭാവസ്‌ഥയില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തി ചികിൽസിക്കുന്നതിനാണ് ശ്രദ്ധ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഗര്‍ഭാവസ്‌ഥയുടെ വിവിധ സങ്കീര്‍ണതകള്‍ പരിശോധിച്ച് ഉചിതമായ ചികിൽസ നല്‍കുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതുള്‍പ്പെടെയുള്ള രീതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചികിൽസാ രംഗത്തുണ്ടായ നവീനമായ ഈ മാറ്റത്തിലൂടെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങൾ ഉള്‍പ്പെടെ ആവശ്യമായി വരുന്ന ഏവര്‍ക്കും ചികിൽസ എത്തിക്കുവാന്‍ ഇതിലൂടെ കഴിയുന്നതാണ്.
എസ്എടി ആശുപത്രിയില്‍ ചികിൽസ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ഈ ചികിൽസാ സൗകര്യം പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്‌തമാക്കി. ഗര്‍ഭസ്‌ഥ ശിശുവിന്റെ വളര്‍ച്ചയും വികാസവും മുന്‍കൂട്ടിയും വളരെ കൃത്യതയോടെയും നിര്‍ണയിക്കുകയും അതിന് വ്യതിയാനമുണ്ടെന്ന് കണ്ടാല്‍ പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം.
വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമോ ക്രോമസോമിലെ തകരാര്‍ മൂലമോ ഉണ്ടാകാവുന്ന മാരകവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനാകും. ഇതുമൂലം കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും പ്രസവസമയം മുന്‍കൂട്ടി നിര്‍ണയിക്കാനുമാകും.
ഭാവിയിലുണ്ടാകുന്ന ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസബിലിറ്റിയുടെ പ്രധാന കാരണം തൂക്കം കുറഞ്ഞ കുട്ടികള്‍ ഉണ്ടാവുന്നതാണ്. മാസം തികയാതെയും തൂക്കം കുറഞ്ഞും കുട്ടികള്‍ ജനിക്കാനുള്ള സാധ്യത അറിയാനും ഒരു പരിധിവരെ തടയാനും ഇതിലൂടെ കഴിയും.
ഈ ചികിൽസാ മേഖലയിലേക്ക് പിജി ഡോക്‌ടര്‍മാരെയും കണ്‍സള്‍ട്ടന്റുമാരെയും പരിശീലിപ്പിക്കുക, ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ നൂതന മാറ്റങ്ങളുള്‍ക്കൊള്ളുന്ന ചികിൽസാ പദ്ധതി മുഴുവന്‍ സമയവും ക്രമേണ മറ്റു സ്‌ഥലങ്ങളിലും ലഭ്യമാക്കുക എന്നിവയാണ് ഈ പ്രോജക്‌ടിന്റെ ലക്ഷ്യങ്ങള്‍.
Also Read: ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു