ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുല്‍ വഹാബ്. അധികാരം ലഭിച്ചപ്പോൾ മോദി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപക്കായി താന്‍ ഇന്നും കാത്തിരിക്കുകയാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്.
‘2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്. ഭാര്യയും അതിനായി കാത്തിരിക്കുന്നുണ്ട്. കുറച്ച് ആഭരണങ്ങള്‍ വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, വഹാബ് പറഞ്ഞു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചര്‍ച്ചയിലാണ് മോദിക്കെതിരെ എംപിയുടെ പരിഹാസം.
തങ്ങൾക്ക് അധികാരം ലഭിച്ചാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തിരുന്നു. കള്ളപ്പണ നിക്ഷേപങ്ങൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടില്‍ ഇടുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ അധികാരത്തിൽ എത്തിയതിന് ശേഷം ഇക്കാര്യത്തിൽ മോദി മൗനം പാലിച്ചിരുന്നു.
Read also: ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ