തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്.
ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അമ്പാടിക്ക് മിന്നലേല്‍ക്കുന്നത്. വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്‌തു. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിൽസ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി.
ഇടിമിന്നല്‍ ഏറ്റ് ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്‌ധർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്‌തമാക്കി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനായ അമ്പാടി, ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാർഥിയാണ്.
Most Read: ഇന്നും ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്