തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഘര്‍ഷങ്ങൾ ഓർമിപ്പിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നടത്തിയ പ്രസ്‌താവനയിലും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലും പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. വിഷയം ആഗ്രഹിക്കാത്ത തലത്തിലേക്ക് വളർത്തിയത് കെ സുധാകരൻ തന്നെയാണെന്ന് എ വിജയരാഘവൻ പറഞ്ഞു.
കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് എത്തിയത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് കെ സുധാകരന്റെ നീക്കങ്ങൾ. കെ സുധാകരൻ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്. കുട്ടികളെ കെ സുധാകരൻ ലക്ഷ്യമിട്ടിരുന്നു എന്ന പിണറായി വിജയന്റെ ആരോപണം ആദ്യമായി പറയുന്നതല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയോട് മൃദു സമീപനം ഉള്ളവരാണ്. കേരളത്തിലെ പൊതു സമൂഹത്തിന് പിണറായിയുടെ പൊതുജീവിതം അറിയാം. കെ സുധാകരൻ ഉന്നയിച്ച ‘രാഷ്‌ട്രീയ ക്രിമിനൽ’ എന്ന പ്രയോഗം ആര്‍ക്കാണ് ചേരുക എന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ സുധാകരൻ ഇന്ന് വാർത്താ സമ്മേളനം നടത്തിയിരുന്നു. പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് സുധാകരന്റെ വെല്ലുവിളി.
“മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. വിദ്യാർഥികൾക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക? മരിച്ചുപോയ ആളാണ് ഇത് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല”, സുധാകരൻ ചോദിച്ചിരുന്നു.
Most Read: ഇന്ത്യയിലെ പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച് യുഎൻ