ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു.
ജന്തർ മന്തർ സമരവേദിയല്ലാതെ ആക്കിയതിന് എതിരായ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. പൗരൻമാരുടെ ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഹരജി.
എസ്ഐആർ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. ഗ്യാനേഷ് കുമാറിന് പുറമെ കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ ആരോപിച്ചു ഒക്ടോബർ 12ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കും കോടതി നോട്ടീസ് അയച്ചു. ഡെൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട 46 ഹരജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. വിശദമായ വാദം പിന്നീട് നടക്കും.
പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച വനിതാ മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ നടപടികളൊന്നും പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ഉപകരണങ്ങൾ പിടിച്ചെടുത്തെന്ന മാദ്ധ്യമ പ്രവർത്തകരുടെ ഹരജിയിലും കോടതി കേന്ദ്രത്തിനും ഡെൽഹി പോലീസിനും നോട്ടീസ് അയച്ചു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്


































