ന്യൂഡെൽഹി: മീ-ടൂ മൂവ്‌മെന്റിൽ രാജ്യത്തെ വനിതാ അഭിഭാഷകർ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട, സമൂഹത്തിലെ വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്‍ത്രീകള്‍ മീ-ടൂ മൂവ്‌മെന്റിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയാൻ തയ്യാറാവുന്നു. അവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കുന്നതില്‍ വനിതാ അഭിഭാഷകരുടെ പങ്ക് വലുതാണെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
“ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പടെ സമൂഹത്തില്‍ അപകീര്‍ത്തി നേരിടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും നിരവധിയാണ്. സ്വന്തം കുടുംബങ്ങള്‍ അവരെ അകറ്റിനിര്‍ത്തുന്നു. അവര്‍ക്ക് നിയമസഹായം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്കാവശ്യമുള്ള നിയമസഹായം നല്‍കാന്‍ നിരവധി വനിതാ അഭിഭാഷകര്‍ സധൈര്യം രംഗത്തുവരുന്നുണ്ട്”- ജസ്‌റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകളെ പിന്തുണച്ച് ജസ്‌റ്റിസ് എസ്‌കെ കൗളും രംഗത്തെത്തി.
അമേരിക്കന്‍ നടിയായ അലീസ മിലാനോയുടെ ട്വീറ്റോടെയായിരുന്നു ഇത്തരം അതിക്രമങ്ങളെ കുറിച്ചുള്ള തുറന്നുപറച്ചിൽ ആരംഭിച്ചത്. തുടര്‍ന്ന് ഹോളിവുഡ് നടിമാര്‍ നേരിട്ട ലൈംഗിക അതിക്രമങ്ങൾ മീ-ടൂ എന്ന ഹാഷ്‌ടാഗോടെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നേടുകയായിരുന്നു. തുടർന്ന് തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുറന്നു പറഞ്ഞ് ലോകമെമ്പാടുമുള്ള സ്‌ത്രീകൾ മീ ടൂ മൂവ്മെന്റ് ഏറ്റെടുക്കുകയായിരുന്നു.
Read also: രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം; നിലപാട് പ്രഖ്യാപിച്ച് സിദ്ദു