ന്യൂഡെൽഹി: സ്‌റ്റേ നിലനിൽക്കെ, അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് സംസ്‌ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്‌തി അറിയിച്ചു സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ സർക്കാരുകൾ നികുതി പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബസുടമകൾ നൽകിയ ഹരജി പരിഗണിക്കവെയാണ്, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്‌തി രേഖപ്പെടുത്തിയത്.
ഹരജികളിൽ തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നോട്ടസയച്ചു. ഇടക്കാല ഉത്തരവ് നിലനിൽക്കെ നികുതി പിരിക്കുന്നത് എങ്ങനെയെന്ന് കോടതി സർക്കാരുകളോട് ചോദിച്ചു. എന്നാൽ, ഇതിൽ തമിഴ്‌നാട് സർക്കാർ ഖേദം പ്രകടിപ്പിച്ചു. തുടർന്നാണ് കോടതി അതൃപ്‌തി അറിയിച്ചത്. ഇതോടെ, കേസിൽ തീർപ്പുണ്ടാകുന്നത് വരെ കോടതി ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്‌നാടും സുപ്രീം കോടതിക്ക് ഉറപ്പ് നൽകി.
അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയിട്ടുള്ളതിനാൽ അതിർത്തി നികുതി സംസ്‌ഥാനങ്ങൾക്ക് നൽകേണ്ടതില്ലെന്നാണ് ബസുടമകളുടെ വാദം. കേരളം ഉൾപ്പടെ നികുതി ഈടാക്കുന്നത് ചോദ്യം ചെയ്‌താണ് റോബിൻ ബസിന്റേത് ഉൾപ്പടെ 94 ബസുടമകൾ സുപ്രീം കോടതിയെ സമീപിച്ചത്. വാഹനങ്ങളിൽ നിന്ന് അതിർത്തി നികുതി പിരിക്കാൻ സംസ്‌ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു.
വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്ന സംസ്‌ഥാനങ്ങളിൽ നൽകുന്ന പെർമിറ്റ് ഫീസിൽ മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകേണ്ട നികുതി ഉൾപ്പെടുന്നില്ലെന്നാണ് കേരളത്തിന്റെ വാദം. കൂടാതെ, ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്‌ഥാനം സത്യവാങ്‌മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| ‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികെ’; ഹമാസ് തലവൻ