ന്യൂഡെൽഹി: സാമൂഹിക ശാസ്‌ത്ര പാഠ്യപദ്ധതി പരിഷ്‌കരിച്ചു രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും, ഭരണഘടനയുടെ ആമുഖം ക്ളാസ് മുറികളിലെ ചുവരുകളിൽ എഴുതാനും എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്‌തതായി റിപ്പോർട്. സമിതി ചെയർപേഴ്‌സൺ സിഐ ഐസക്കിനെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
ഏഴ് മുതൽ 12 വരെ ക്‌ളാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക ശാസ്‌ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
‘കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്‌മാഭിമാനവും ദേശസ്‌നേഹവും വളർത്തിയെടുക്കണം. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യം വിട്ടു മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്‌നേഹത്തിന്റെ അഭാവം മൂലമാണ്. അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്‌കാരത്തോടും സ്‌നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്’- ഐസക്ക് പറഞ്ഞു.
‘ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും ‘മിത്ത്’ എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനവുമാകില്ല’- ഐസക്ക് കൂട്ടിച്ചേർത്തു.
നേരത്തെ പാഠപുസ്‌തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ എന്ന പേര് മാറ്റി ‘ഭാരതം’ എന്നാക്കാനുള്ള ശുപാർശ വിവാദമായിരുന്നു. ഈ തീരുമാനത്തെ കേരളം എതിർത്തിരുന്നു. പാഠപുസ്‌തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരതം ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും തള്ളിക്കളയുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. പാഠപുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
Most Read| ‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികെ’; ഹമാസ് തലവൻ