ഗാസ: കുട്ടികളടക്കം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഇസ്രയേൽ- ഹമാസ് യുദ്ധം താൽക്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു. ഖത്തറിന്റെ മധ്യസ്‌ഥതയിലാണ് വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നത്.
ഹമാസ് ഉദ്യോഗസ്‌ഥർ ഇസ്രയേലുമായി ഉടമ്പടി കാറിലെത്താൻ അടുത്തുവെന്നും, ഖത്തറി മധ്യസ്‌ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങൾ. മധ്യസ്‌ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്’. ടെലഗ്രാഫിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ ഇസ്‌മായിൽ ഹാനിയ്യ പറഞ്ഞു.
കരാർ എത്രനാൾ നീണ്ടുനിൽക്കും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഇസ്രയേലി ബന്ദികളുടെ മോചനം എന്നിവ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്ന് ഹമാസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. കരാർ നടപ്പിലായാൽ ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിലും തീരുമാനമാകും. ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് 240ഓളം പേരെ ബന്ദികളാക്കിയിരുന്നു.
മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ കൈമാറാൻ ഖത്തറിന്റെ മധ്യസ്‌ഥർ ഹമാസ്- ഇസ്രയേൽ കരാറിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട് ചെയ്‌തിരുന്നു. അതിനിടെ, അൽഷിഫ ആശുപത്രിക്ക് പിന്നാലെ മറ്റൊന്ന് കൂടി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. വടക്കൻ ഗാസയിലെ ഇന്തോനീഷ്യൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 12 പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം അൽഷിഫയിൽ നിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്‌ഥയിലുള്ള 28 നവജാത ശിശുക്കളെ ഈജിപ്‌തിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റു ചികിൽസയിലുള്ള 250 പേർ ഇപ്പോഴും അൽഷിഫയിൽ തുടരുകയാണ്.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക