കാർഷിക നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി

By Desk Reporter, Malabar News
Farmers-protest
Ajwa Travels

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെക്കുകയാണെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്‌തമാക്കി. കാർഷിക നിയമങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട് നൽകാൻ നാലംഗ സമിതിക്കും രൂപം നൽകി.

തിങ്കളാഴ്‌ച ചീഫ് ജസ്‌റ്റിസ്‌ എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളും കർഷക സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് തടസമാണെന്നുള്ള ഹരജികളും കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.

സ്വതന്ത്ര കമ്മിറ്റി രൂപവൽകരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്‌തിക്കും കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ്‌ ഹരജി പരിഗണിച്ചു കൊണ്ട് പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമിതിക്ക് മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോർട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്‌റ്റിസ്‌ വ്യക്‌തമാക്കി.

എന്നാൽ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്‌ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചു. അനിശ്‌ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.

നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതിനാലാണ് വിദഗ്‌ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. വിദഗ്‌ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.

കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും. കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കും. സമിതിയിലെ അംഗങ്ങളെ തങ്ങള്‍ തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. കര്‍ഷകര്‍ സഹകരിച്ചേ മതിയാകൂ. ഇതു രാഷ്‌ട്രീയമല്ല. ഞങ്ങള്‍ രൂപം കൊടുക്കുന്ന സമിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ ഈ സമിതിയും ഭാഗമാകും. നിയമങ്ങള്‍ മരവിപ്പിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ ശൂന്യമായ ഒരു ആവശ്യത്തിനു വേണ്ടിയാകരുത് നിയമങ്ങള്‍ മരവിപ്പിക്കേണ്ടതെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.

സമിതി ആരെയെങ്കിലും ശിക്ഷിക്കുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഇല്ല. അവര്‍ ഒരു റിപ്പോർട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. കൃത്യമായ ചിത്രം കോടതിക്ക് ലഭിക്കുന്നതിനാണ് സമിതിയെ വെക്കുന്നത്. ഞങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിന് നിലവിലെ സാഹചര്യം മനസിലാക്കണം. സമിതിയില്‍ പോകില്ലെന്ന തരത്തിലുള്ള ഒരു വാദവും കേള്‍ക്കേണ്ട. പ്രശ്‌നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.

Kerala News:  സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്‌ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE