ന്യൂഡെൽഹി: മുഖ്യമന്ത്രിമാർ രാജാക്കൻമാർ അല്ലെന്ന് ഓർമിക്കണമെന്ന് സുപ്രീം കോടതി. വിവാദ ഐഎഫ്‌എസ് ഓഫീസറെ രാജാജി ടൈഗർ റിസർവ് ഡയറക്‌ടർ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിയിലാണ് സുപ്രീം കോടതിയുടെ വിമർശനം.
സർക്കാരിനെ നയിക്കുന്നവർ പഴയ കാലത്തെ രാജാക്കൻമാരാണെന്ന് ധരിക്കരുത്. നമ്മൾ ഇപ്പോൾ പഴയ ഫ്യൂഡൽ കാലഘട്ടത്തിലല്ലെന്ന് ഓർമിക്കണമെന്നും ജസ്‌റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. അതേസമയം, നിയമന ഉത്തരവ് മൂന്നാം തീയതി പിൻവലിച്ചുവെന്ന് ഉത്തരാഖണ്ഡ് സർക്കാർ കോടതിയെ അറിയിച്ചു.
രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സർക്കാരിന്റെ തലപ്പത്ത് ഉള്ളവർക്ക്, പണ്ട് രാജാക്കൻമാരെ പോലെ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. താങ്കൾ ഒരു മുഖ്യമന്ത്രിയായതിനാൽ എന്തും ചെയ്യാമെന്നാണോ? മുഖ്യമന്ത്രിക്ക് ആ ഓഫീസറോട് എന്താണ് ഇത്ര താൽപ്പര്യം എന്നും സുപ്രീം കോടതി ചോദിച്ചു.
സംസ്‌ഥാന വനംമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ എതിർപ്പുകൾ അവഗണിച്ചാണ് വിവാദ ഐഎഫ്‌എസ് ഓഫീസർ രാഹുലിനെ മുഖ്യമന്ത്രി ധാമി രാജാജി ടൈഗർ റിസർവ് ഡയറക്‌ടർ ആയി നിയമിച്ചത്. അനധികൃത മരംമുറി കേസിൽ ആരോപണ വിധേയനായ രാഹുലിനെ കോർബറ്റ് ടൈഗർ റിസർവിൽ നിന്നും നീക്കിയിരുന്നു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച്