കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി തീരുമാനം.
ഹരജി പരിഗണിച്ച ആക്റ്റിങ് ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് എസ് മനു എന്നിവരാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്‌തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകൾ ഉൾപ്പടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.
വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട് ഈ മാസം ഒമ്പതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴി പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവ ഉൾപ്പെടെയാണ് കോടതിക്ക് കൈമാറുക.
ഓഗസ്‌റ്റ് 22നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. നടപടി എടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പടെയുള്ളവ പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം