തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വഴിത്തിരിവ്. ആക്രമണം പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമാകുമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം. ഇരുവരെയും പ്രതി ചേർക്കാൻ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.
തിരുവനന്തപുരം പേട്ടയിൽ 2017 മെയ് 19ന് രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പോലീസ് കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ, ഗംഗേശാനന്ദ സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയത് പെൺകുട്ടിയുടെ കാമുകൻ അടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്‌തമാവുകയും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
ഗംഗേശാനന്ദ സ്വാമിക്ക് പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്നു. അയ്യപ്പദാസും പെൺകുട്ടിയും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് പ്രകോപിതനായ അയ്യപ്പദാസാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുൻപ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലും വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. അയ്യപ്പദാസിന്റെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്.
പരാതിക്കാരിയെ തന്നെ പ്രതി ചേർക്കുന്ന സാഹചര്യമുള്ളതിനാൽ അത് ഏത് രീതിയിൽ നടപ്പാക്കുമെന്ന കാര്യത്തിലാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം അനുകൂലമായാൽ പരാതിക്കാരിയെയും സുഹൃത്തിനെയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കും.
Also Read: വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്