കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി. ഇവ ആക്രമികൾ ഉപയോഗിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സ്‌ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം ഏഴുപേരെ പോലീസ് ചോദ്യം ചെയ്‌ത് കൊണ്ടിരിക്കുകയാണ്. അതേസമയം, ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകൾ ഉണ്ടെന്നാണ് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നത്.
വെട്ടിയ സ്‌ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കയ്യിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജേഷിനെ കസ്‌റ്റഡിയിൽ എടുക്കുമെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലാപയാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും. വിലാപയാത്രക്കിടെ ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലെത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെയാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.
Most Read: കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും