പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാന്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്‌ക്ക് പുറമെ 60 ലക്ഷം പിഴയും ഒടുക്കണം.
ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.
കാലിത്തീറ്റ കുംഭകോണത്തില്‍ ചാര്‍ജ് ചെയ്യപ്പെട്ട അവസാന കേസില്‍ കഴിഞ്ഞയാഴ്‌ചയാണ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.
അതേസമയം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു. ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍. ഈ കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
2018ല്‍ ദുംക ട്രഷറി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അതേസമയം മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡൊറാന്‍ഡ ട്രഷറി കേസിലും അദ്ദേഹം അപ്പീലിന് പോകാനാണ് സാധ്യത.
2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. 73 കാരനായ ലാലുവിന്റെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡെല്‍ഹിയിലെത്തിച്ചത്.
Most Read: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ