
കോട്ടക്കൽ: എസ്‌വൈഎസ്‍ സംസ്‌ഥാനത്ത് ഉടനീളം നടത്തിവരുന്ന ആതുരസേവന പ്രവത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി, സോൺ തലങ്ങളിൽ ആരംഭിക്കുന്ന ആംബുലൻസ് പദ്ധതി എടരിക്കോട് യൂത്ത് സ്‌ക്വയറിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ഇദ്ദേഹം എസ്‌വൈഎസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സാന്ത്വനം പ്രവർത്തകർ മുൻപന്തിയിൽ ഉണ്ടായിരുന്നു. സംസ്‌ഥാനത്ത് സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ദുർവാശിയോ ജനങ്ങളോടുള്ള വെല്ലുവിളിയോ അല്ലെന്നും രോഗവ്യാപനം തടയുന്നതിന് നിർബന്ധമായും സ്വീകരിക്കേണ്ടി വരുന്ന കരുതൽനടപടികൾ മാത്രമാണിതെന്നും മന്ത്രി കൂട്ടി ചേർത്തു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ആസ്‌ഥാനങ്ങളിൽ കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതി ആരംഭിച്ച് കഴിഞ്ഞതായും രോഗികളെ കണ്ടെത്തി ചികിൽസ എളുപ്പമാക്കിയാൽ വലിയ ദുരിതത്തിൽ നിന്നും വേഗം കരകയറാനാകും; മന്ത്രി പറഞ്ഞു.
ആംബുലൻസുകൾ പുറത്തിറക്കുന്നതിനുള്ള പ്രയാസം അനുഭവിക്കുന്ന രാജ്യമായി നമ്മുടെ നാട് മാറിയിട്ടുണ്ടെന്നും എന്നാൽ സംസ്‌ഥാനം ഇതിൽ നിന്നെല്ലാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. നിയമ നടപടികളാണ് ഇതിന് പ്രധാന തടസം. ആംബുലൻസുകൾ ബുക്ക് ചെയ്‌ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്‌ഥയാണിപ്പോൾ. ഈ പ്രശ്‌നം ചൂണ്ടികാട്ടി കേന്ദ്ര സർക്കാറിന് കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സിഎച്ച് അബ്‌ദുസമദ് സഅദി ആംബുലൻസിന്റെ താക്കോൽ ഏറ്റ് വാങ്ങി. എൻവി അബ്‌ദുൽ റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീൻ ജീലാനി, എഎ റഹീം കരുവത്തുകുന്ന്, സയ്യിദ് സീതിക്കോയ, ആറ്റുപുറം അലി ബാഖവി, മണ്ടായപ്പുറത്ത് അഹമദ് മൂപ്പൻ, വിപിഎം ബഷീർ പറവന്നൂർ, ഇ അബ്‌ദുൽ മജീദ് അഹ്സനി, കെഎം കുഞ്ഞു കുണ്ടിലങ്ങാടി, മുഹമ്മദലി പോത്തനൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Most Read: സുപ്രീം കോടതി വിമര്‍ശനം; കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹിയും