കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. ഹെറാത്തിലെ പോലീസ് ആസ്‌ഥാനം താലിബാന്റെ കൈകളിലാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ഗസ്‌നി താലിബാൻ ഭീകരർ പിടിച്ചെടുത്തിരുന്നു. 90 ദിവസത്തിനകം താലിബാൻ കാബൂൾ കീഴടക്കുമെന്ന സൂചനകൾ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. തുടർന്ന് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്‌ക്കാൻ അമേരിക്ക തീരുമാനിച്ചു. മൂവായിരം സൈനികരെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ, അഫ്‌ഗാനിൽ സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറെന്ന് അഫ്‌ഗാൻ സർക്കാർ അറിയിച്ചെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
അതേസമയം, പാകിസ്‌ഥാനുമായുള്ള അതിർത്തി താലിബാൻ പിടിച്ചെടുത്തതിനെ തുടർന്ന് അഫ്‌ഗാൻ പൗരൻമാരും പാക് പട്ടാളവുമായി സംഘർഷമുണ്ടായി. അതിർത്തിയിൽ കാത്തുനിന്ന മുതിർന്ന പൗരൻ കുഴഞ്ഞുവീണ് മരിച്ചതോടെ മൃതദേഹവുമായി പാകിസ്‌ഥാനിലെ സർക്കാർ ഓഫീസിലേക്ക് അഫ്‌ഗാനികൾ മാർച്ച് നടത്തി. അഫ്‌ഗാൻ പൗരൻമാർക്ക് വിസ നിർബന്ധമാക്കിയ പാകിസ്‌ഥാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താലിബാൻ അതിർത്തി അടച്ചത്.
Also Read: മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം; ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം