ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 45കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഒരു സംഘം ആളുകൾ. ഇദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് മർദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനം നടന്നതെന്ന് എൻഡിടിവി റിപ്പോർട് ചെയ്യുന്നു.
തെരുവിലൂടെ നടത്തിച്ച് ഇദ്ദേഹത്തെ മർദ്ദിക്കുന്നതും ഈ സമയം ഇദ്ദേഹത്തിന്റെ മകൾ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കരയുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബജ്‌രംഗ് ദൾ പ്രവർത്തകർ യോഗം ചേർന്ന സ്‌ഥലത്തു നിന്ന് 500 മീറ്റർ അകലെയാണ് സംഭവം നടന്നത്. പ്രദേശത്തെ ഹിന്ദു പെൺകുട്ടികളെ മുസ്‌ലിംകൾ മതപരിവർത്തനം നടത്തുന്നതായി നേരത്തെ ബജ്‌രംഗ് ദൾ ആരോപിച്ചിരുന്നു. ബജ്‌രംഗ് ദൾ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോർട്.
ആക്രമണത്തിനിരയായ വ്യക്‌തിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിക്കും മകനും മറ്റ് അജ്‌ഞാതരായ 10 പേർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് കാൺപൂർ പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു. എന്നാൽ, ആരോപണവിധേയർ ബജ്‌രംഗ് ദൾ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പോലീസ് പറഞ്ഞിട്ടില്ല.
“വൈകുന്നേരം 3 മണിയോടെ ഞാൻ എന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്നു, പ്രതികൾ എന്നെ അപമാനിക്കുകയും ആക്രമിക്കുകയും എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പോലീസ് എത്തിയതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്,”- ഇ-റിക്ഷ ഡ്രൈവറായ അയാൾ പരാതിയിൽ പറഞ്ഞു.
ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു, ഹിന്ദുവായ അയല്‍ക്കാരനുമായി കഴിഞ്ഞ മാസം മുതല്‍ കേസ് നടന്നുവരിക ആയിരുന്നുവെന്നു കാണ്‍പൂര്‍ പോലീസ് രേഖകളുടെ അടിസ്‌ഥാനത്തില്‍ എന്‍ഡിടിവി റിപ്പോർട് ചെയ്‌തു. അടുത്തകാലത്തായി ഇവരുടെ കേസില്‍ ഇടപ്പെട്ട ബജ്‌രംഗ് ദൾ പ്രവർത്തകർ മുസ്‍ലിം കുടുംബത്തിനെതിരെ ‘ലവ് ജിഹാദ്’ ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ ഉന്നത പോലീസ് ഉദ്യോഗസ്‌ഥയായ രവീണ ടാണ്‌ഠന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Most Read: 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്