ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. സംസ്‌ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു മുതിര്‍ന്ന് എംപി ട്വിറ്ററുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍. അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് സുഷ്‌മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.
അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ട്വിറ്ററിന് കത്തയച്ചു. മുന്നറിയിപ്പ് നല്‍കുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്‌തതിന് ശേഷം മാത്രമേ അക്കൗണ്ടുകള്‍ മരവിപ്പിക്കാവൂ എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്ക്, ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടുകളില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ‘നേതാക്കളെ ജയിലിലടച്ചപ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ടില്ല, അപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടുമ്പോള്‍ എന്തിന് ഭയക്കണം? ഞങ്ങള്‍ കോണ്‍ഗ്രസാണ്. ഇതാണ് ജനങ്ങള്‍ക്കുള്ള സന്ദേശം; ഞങ്ങള്‍ പോരാടും, യുദ്ധം തുടരും’- കോണ്‍ഗ്രസ് കുറിച്ചു.
Kerala News: ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കും; ഭക്ഷ്യമന്ത്രി