വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അമ്മക്കടുവയുടെ അടുത്ത് എത്തിച്ചുവെന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ വാദം തള്ളി നാട്ടുകാർ. കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് മന്ദംകൊല്ലിക്കാർ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭാപരിധിയിലെ മന്ദംകൊല്ലിയില്‍ കടുവക്കുഞ്ഞിനെ കുഴിയിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് കരക്കെടുത്ത കുഞ്ഞിനെ അമ്മക്കടുവയുടെ സമീപം എത്തിച്ചെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പ്രദേശവാസിയായ ഷിബു രാത്രിയില്‍ കടുവ കുഴിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടുവെന്ന് പറയുന്നു. കടുവയെത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചപ്പോള്‍ സ്‌ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തിയ കുഴിക്ക് സമീപത്തേക്ക് പടക്കമെറിഞ്ഞ് തിരിച്ചു പോകുക മാത്രമാണ് ചെയ്‌തതെന്നും ഇവര്‍ ആരോപിക്കുന്നു.
കടുവക്കുഞ്ഞിനെ കണ്ടെത്തിയതിന് ശേഷം ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. രാത്രി വീടിന്റെ മുറ്റത്തേക്കിറങ്ങുന്നത് പോലും അതീവ ജാഗ്രതയോടെയാണെന്ന് ജനങ്ങള്‍ പറയുന്നു. കടുവക്കുഞ്ഞിനെ കണ്ടെത്തിയതിന്റെ തലേന്ന് രാത്രി മുതല്‍ ഇന്നലെ വരെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.
കുഞ്ഞിനെ തിരഞ്ഞാണ് തള്ളക്കടുവ ദിവസവും കുഴിക്ക് സമീപം വന്നുപോകുന്നതെന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാല്‍ പിടികൂടിയ അന്ന് രാത്രി തന്നെ തള്ളക്കടുവയുടെ അരികില്‍ കുഞ്ഞിനെ എത്തിച്ചുവെന്നാണ് വനംവകുപ്പിന്റെ അവകാശവാദം.
അതേസമയം കുഴിക്ക് സമീപം കടുവ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി വനംവകുപ്പ് ഇവിടെ ക്യാമറ സ്‌ഥാപിച്ചിട്ടുണ്ട്. ഇതില്‍ പതിയുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തങ്ങള്‍ പറയുന്ന കാര്യം സ്‌ഥിരീകരിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടുവയുടെ ശല്യം വര്‍ധിച്ച പശ്‌ചാത്തലത്തില്‍ പ്രദേശത്ത് കൂട് സ്‌ഥാപിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.
Most Read: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ