കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച് ഭോപ്പാൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ആടിൽനിന്നെടുത്ത സാമ്പിളിലും വൈറസില്ല. ഈ സാഹചര്യത്തിൽ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരും.
പൂനെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള കേന്ദ്രസംഘം മരിച്ച കുട്ടിയുടെ വീടിനു സമീപത്തുനിന്ന് ഇന്നലെ 33 വവ്വാലുകളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ വന്ന 20 ഫലങ്ങൾ കൂടി നെഗറ്റീവ് ആയതോടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 108 പേർക്ക് രോഗമില്ലെന്ന് സ്‌ഥിരീകരിച്ചു.
ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നതും നിരീക്ഷണത്തിലുള്ളവർക്ക് രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവരിൽ 19 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
Also Read: നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും