ന്യൂഡെൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടർ (ഇഡി) എസ്‌കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ്‌കെ മിശ്രയുടെ സർവീസ് ഈ മാസം അവസാനിക്കാനിരിക്കെ ആണ് നടപടി.
കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി 5 വർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.
നേരത്തെ എസ്‌കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഹരജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്‌ടർമാരുടെ കാലാവധി.