ഉറ്റവർ ഉപേക്ഷിച്ച വൃദ്ധക്ക് ആശ്രയ കേന്ദ്രത്തിൽ ക്രൂര മർദ്ദനം; മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

By Desk Reporter, Malabar News
Scenes of a mother being attacked by old age home owner
Ajwa Travels

കൊല്ലം: ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ആശ്രയകേന്ദ്രത്തിൽ എത്തിയ വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മനഃസാക്ഷിയെ നടുക്കുന്നു. കൊല്ലം അഞ്ചലിൽ പ്രവർത്തിക്കുന്ന ‘അർപ്പിത സ്‌നേഹാലയം’ എന്ന ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരനാണ് വൃദ്ധയെ ക്രൂരമായി മർദ്ദിച്ചത്.

പ്രാർഥനാ സമയത്ത് ഉറങ്ങി എന്നാരോപിച്ചാണ് ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരനായ അഡ്വ. സജീവൻ ചൂരൽ കൊണ്ട് വൃദ്ധയെ മർദ്ദിച്ചത്. സ്‌നേഹാലയത്തിലെ മുൻ ജീവനക്കാരൻ ജസ്‌റ്റിൻ സലീമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ വൃദ്ധയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

മറ്റൊരു പ്രായമായ സ്‌ത്രീയോടും സജീവന്‍ വളരെ മോശമായ രീതിയില്‍ പെരുമാറുന്നത് ദൃശ്യങ്ങളിലുണ്ട്. ഇത് ആദ്യമായല്ല സജീവൻ ഇത്തരത്തിൽ അന്തേവാസികളോട് ക്രൂരമായി പെരുമാറുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ച സജീവനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. സജീവനെതിരെ പ്രദേശവാസികൾ കൂട്ടായ്‌മ രൂപീകരിക്കുകയും ചെയ്‌തിരുന്നു. വയോജന കമ്മീഷൻ വരെ ഇടപെട്ട കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പ്രാദേശികമായ രാഷ്‌ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് സജീവൻ കേസ് തേച്ചുമായ്ച്ചു കളഞ്ഞതായും പ്രദേശവാസികൾ ആരോപിക്കുന്നു.

ആശ്രയ കേന്ദ്രത്തിലുണ്ടായ മരണങ്ങളിലും അന്ന് രൂപീകരിച്ച കൂട്ടായ്‌മ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല എന്നാണ് കൂട്ടായ്‌മയുടെ ഭാഗമായിരുന്ന പ്രദേശവാസി പറയുന്നത്.

20ലേറെ അന്തേവാസികള്‍ സ്‌നേഹാലയത്തിലുണ്ട്. സൗകര്യം ഒട്ടുമില്ലാത്ത രണ്ട് മുറി വീട്ടിലാണ് ഇത്രയധികം അന്തേവാസികളെ ഒരുമിച്ച് താമസിപ്പിച്ചിരിക്കുന്നത്. വളരെ വൃത്തിഹീനമായ സാഹചര്യമാണ് ആശ്രയ കേന്ദ്രത്തിനുള്ളിൽ എന്നും പ്രദേശവാസി പറഞ്ഞു.

അതേസമയം ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചതാണെന്നാണ് സ്‌ഥാപനത്തിന്റെ പ്രതികരണം. താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന് സലീം പകരം വീട്ടിയതാണെന്നും സജീവൻ അവകാശപ്പെടുന്നു.

Most Read: മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന് അൻസിയുടെ കുടുംബം, പരാതി നല്‍ക%

YOU MAY LIKE