കൊല്ലം: ജില്ലയിലെ തേവലക്കരയിൽ ഏലിയാമ്മ എന്ന വയോധികയെ മരുമകൾ ക്രൂരമായി മർദ്ദിക്കുകയും ദേഹോപദ്രവും ഏൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ചു അടിയന്തിരമായി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്ന് തന്നെ സംഭവ സ്‌ഥലം നേരിട്ട് സന്ദർശിച്ചു അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കും.
വയോജനങ്ങൾക്ക് എതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്‌ക്കും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഏലിയാമ്മയ്‌ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ മറ്റു തുടർ നടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രൈബ്യൂണലിന് കൈമാറണമെന്നും മന്ത്രി നിർദ്ദേശം നൽകി.
കൊല്ലം തേവലക്കരയിൽ ഏലിയാമ്മ എന്ന 80 വയസുകാരിക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്‌ജു മോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. മഞ്‌ജു മോൾ നിലവിൽ അറസ്‌റ്റിലാണ്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളായിരുന്നു ഇത്. കഴിഞ്ഞ കുറച്ചു നാളുകളായി മരുമകളുടെ ഭാഗത്ത് നിന്ന് അതിക്രൂര മർദ്ദനത്തിന് ഏലിയാമ്മ ഇരയായിട്ടുണ്ട്. മകൻ വീട്ടിലില്ലാത്ത സമയത്താണ് ഇത്തരത്തിൽ മർദ്ദനം ഉണ്ടാവാറുള്ളത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മർദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ അതിക്രമം നടന്നിരുന്നു. മുടിക്ക് കുത്തിപ്പിടിച്ചു, തലക്ക് ഇടിച്ചു. മാത്രമല്ല, കാലു മടക്കി അടിവയറ്റിൽ ചവിട്ടിയെന്നും ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു. കൈയിൽ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഏലിയാമ്മ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ആശുപത്രിയിൽ നിന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് മരുമകളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തിയതും.
Most Read| സംസ്‌ഥാനത്തിന് ആശ്വാസം: വീണ്ടും കടമെടുക്കാനുള്ള വഴിതെളിയിച്ച് കേന്ദ്രം