സംസ്‌ഥാനത്തിന് ആശ്വാസം: വീണ്ടും കടമെടുക്കാനുള്ള വഴിതെളിയിച്ച് കേന്ദ്രം

അതിഗുരുതരമായ ധന പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന സംസ്‌ഥാന സർക്കാരിന് വീണ്ടും കടമെടുത്ത് ശമ്പളവും ക്ഷേമ പെൻഷനുകളും വിതരണം ചെയ്യാനുള്ള അവസരമായി.

By Desk Editor, Malabar News
Kerala Public Debt Malayalam
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബിയും സാമൂഹിക സുരക്ഷാകമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്‌പ ഇത്തവണ കേരളത്തിന്റെ വായ്‌പാ പരിധിയിൽ നിന്നൊഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഒരു വർഷത്തേക്കാണ് ഈ താൽക്കാലിക ആശ്വാസം.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള സംസ്‌ഥാനത്തിന്റെ ഏറ്റുമുട്ടൽ ആരംഭിച്ചിട്ട് മാസങ്ങളായിരുന്നു. കേന്ദ്രത്തിന്റെ ആശ്വാസ നടപടിയെ തുടർന്ന് 2000 കോടി രൂപ ഉടനെതന്നെ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു. കേന്ദ്രം വായ്‌പാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ 201617 മുതല്‍ ഇതുവരെ സംസ്‌ഥാനത്തിന് വായ്‌പാ സമാഹരണത്തില്‍ 1.07 ലക്ഷം കോടി നഷ്‌ടപ്പെട്ടിട്ടുണ്ട് എന്നാണ് സംസ്‌ഥാനം പറയുന്നത്.

വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടപത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം ഈ മാസം 19നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. കേരളം ഗുരുതരമായ സാമ്പത്തികവിഷമത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. വിഷയത്തിൽ സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കടമെടുക്കുന്ന 2000 കോടിയിൽ നിന്ന് ക്രിസ്‌തുമസ്‌ കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ബാക്കിവരുന്ന കടമെടുപ്പ് പരിധികൂടി ഉടനെ ഉപയോഗിക്കേണ്ട അവസ്‌ഥയിലാണ്‌ കേരളം. സാധ്യമായ എല്ലാ കടമെടുപ്പ് പരിധികളും ഉപയോഗപ്പെടുത്തിയുള്ള സംസ്‌ഥാന യാത്ര എങ്ങോട്ടാണ് എന്ന ചോദ്യം സാമ്പത്തിക വിദഗ്‌ധരുടെ ഇടയിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ട് അഞ്ചു വർഷത്തിലേറെയാകുമ്പോഴും സംസ്‌ഥാനം പുതിയ കടമെടുപ്പ് സാധ്യതകൾ അന്വേഷിക്കുന്ന തിരക്കിലാണ്.

രാജ്യത്ത് വലിയ കടമുള്ള സംസ്‌ഥാനങ്ങളിലൊന്നായ കേരളത്തിന് വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്‌ നിലവിൽ 4 ലക്ഷം കോടിക്ക് മുകളിൽ പൊതുകടമുണ്ട്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലെ കടമാണ് ഇത്. അതായത് കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 39 ശതമാനത്തിലധികം കടം വാങ്ങിച്ചിരിക്കുകയാണ് നമ്മുടെ സംസ്‌ഥാനം.

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനത്തിൽ കൂടുതൽ പൊതുകടം കവിയരുതെന്നാണ് ചട്ടം. ആരോഗ്യകരമായ സാമ്പത്തിക അടിത്തറക്ക് ഇത് വിരുദ്ധമാണ്. കേരളത്തേക്കാൾ ഗുരുതരാവസ്‌ഥയിലാണ് മിസോറം, പഞ്ചാബ്, നാഗാലാൻഡ്, മേഘാലയ, അരുണാചൽ, ഹിമാചൽ സംസ്‌ഥാനങ്ങൾ.

FINANCE | ഹുറൂൺ സമ്പന്നപട്ടിക; എംഎ യൂസഫലി ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE