മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊലീസിനെ തടഞ്ഞ ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍

By Central Desk, Malabar News
The governor showed the footage of the Chief Minister's private secretary stopping the police
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചുചേർത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് കെകെ രാഗേഷ് ഇടപെട്ട് വിലക്കിയതിന്റെ വീഡിയോ ദൃശ്യം തെളിവായി പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍.

കേരള രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത ‘ഹൈടെക്’ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. രാജ്യത്ത് തന്നെ സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വിപി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല. ഗവര്‍ണറെ തടഞ്ഞാലുള്ള ശിക്ഷ വായിച്ചുകൊണ്ടാണ് പത്രസമ്മേളനം നടന്നത്.

കണ്ണൂരിൽ 2019ൽ നടന്ന ചരിത്രകോണ്‍ഗ്രസില്‍ നിശ്‌ചയിച്ച സമയക്രമം ലംഘിച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. 45 മിനിട്ട് പരിപാടിക്ക് ഒന്നര മണിക്കൂറുകളോളം തനിക്ക് ഇരിക്കേണ്ടി വന്നതായും ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചത് ചരിത്രമല്ലെന്നും അതിന് താന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതൻ ആയതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനറെയും സിപിഎം നേതാക്കളെയും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പരിഹസിച്ചു. കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള കണ്‍വീനറുടെ മുന്നണിയാണെന്നായിരുന്നു പരിഹാസം. ഒരു മന്ത്രി രാജിവച്ചത് ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലെന്നും ആക്ഷേപം ഉന്നയിച്ചു. വ്യത്യസ്‌ത രാഷ്‌ട്രീയം ഉള്ളവരെ ഭരണകൂടവും സിപിഎമ്മും വര്‍ഗ ശത്രുക്കളായി കാണുന്നുവെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരില്‍ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍, രാജ്ഭവന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉപദേശിക്കേണ്ടതില്ലെന്നും വ്യക്‌തമാക്കി. സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും വിലപ്പോവില്ല. സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിക്കുകയാണ്. കണ്ണൂര്‍ വിസി നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ താനത് സമ്മതിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുഖ്യമന്ത്രി പറഞ്ഞതാണല്ലോ. മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്തു വിട്ടു. ആദ്യ കത്ത് അയച്ചത് 2021 ഡിസംബര്‍ 8നാണ്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, ഗവർണർ വിശദീകരിച്ചു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന്റെ പിആര്‍ഡി ദൃശ്യങ്ങള്‍ ഗവര്‍ണര്‍ കാണിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാജ്ഭവനല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിആര്‍ഡിയും ചാനലുകളും പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഐപിസി 124ആം വകുപ്പ് ഉദ്ധരിച്ചാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കാവുന്ന കുറ്റമാണ്. ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നത് കുറ്റകരമാണ്. അക്രമിക്കുന്നതും തടയുന്നതും ശിക്ഷാര്‍ഹം. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പ്രതിഷേധക്കാർ ജെഎന്‍യു, ജാമിയ എന്നിവിടങ്ങളില്‍ നിന്നുള്ളവർ ആയിരുന്നുവെന്നും പ്രതിഷേധക്കാരുടെ അറസ്‌റ്റ് തടഞ്ഞതിലുള്ള പ്രത്യൂപകാരമാണ് രാഗേഷിനു പിന്നീട് ലഭിച്ച ഉന്നത സ്‌ഥാനമെന്നും ഗവർണർ പറഞ്ഞു. എന്നാൽ, ചരിത്ര കോണ്‍ഗ്രസ് വിഷയത്തില്‍ പരാതി കൊടുക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി.

ചരിത്ര കോണ്‍ഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധം ആസൂത്രിതമെന്ന് ഗവര്‍ണര്‍ ആവർത്തിച്ചു. പ്രതിഷേധത്തിന് ഡെൽഹിയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. കൈയ്യില്‍ വലിയ പ്ളക്കാർഡുകളുമായാണ് പ്രതിഷേധക്കാര്‍ ഹാളിനുള്ളില്‍ എത്തിയത്. അഞ്ച് മിനിട്ടു കൊണ്ട് പ്ളക്കാര്‍ഡുകള്‍ ഉണ്ടാക്കാനാകുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. നൂറുകണക്കിന് പ്ളക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നു എന്നും ഗവര്‍ണര്‍ ആരോപിച്ചു. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാജ് ഭവന് പുറത്ത് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് രാജ്ഭവന് മുന്നില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്.

Most Read: പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE