ചെന്നൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്‌റ്റുകളെ തീരുമാനിക്കുന്ന നിർണായക പരമ്പരയിൽ ഇന്ത്യയും ഇംഗ്‌ളണ്ടും ഏറ്റുമുട്ടുന്നു. നാളെയാണ് പരമ്പരയിലെ ആദ്യ മൽസരം ആരംഭിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. ഓസീസിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ടെസ്‌റ്റ് കളിക്കാൻ ഒരുങ്ങുന്നത്.
ശ്രീലങ്കക്ക് എതിരെ സമ്പൂർണ ജയം നേടിയാണ് ഇംഗ്ളണ്ട് വരുന്നത്. ഐസിസി ടെസ്‌റ്റ് റാങ്കിംഗിൽ ഇന്ത്യ രണ്ടാമതും ഇംഗ്ളണ്ട് നാലാമതുമാണ്. ഓസീസിനെതിരെ അവസാന മൂന്ന് ടെസ്‌റ്റുകളിൽ നിന്ന് വിട്ടുനിന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യൻ നിരയിൽ തിരിച്ചെത്തും.
മറുഭാഗത്ത് നായകൻ ജോ റൂട്ട് തന്നെയാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. ജോ റൂട്ടിന്റെ നൂറാം ടെസ്‌റ്റിന് കൂടിയാവും ചെന്നൈ വേദിയാവുക. രോഹിത് ശര്‍മ്മ, ശുഭ് മാൻ ഗില്‍, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ ശക്‌തി.
അശ്വിന്റെ നേതൃത്വത്തിലുള്ള സ്‌പിൻ നിരയായിരിക്കും മൽസരത്തിന്റെ ഗതി നിർണയിക്കുക. പേരുകേട്ട ഇംഗ്ളീഷ് ബാറ്റിംഗ് നിരയെ സ്‌പിന്നർമാർ കറക്കി വീഴ്‌ത്തിയാൽ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യയുടെ മോഹം നിറവേറും. ജെയിംസ് ആൻഡേഴ്‌സൺ, സ്‌റ്റുവർട്ട് ബ്രോഡ്, ജോഫ്രാ ആർച്ചർ തുടങ്ങിയ ബൗളർമാരുടെ കഴിവും ഇവിടെ പരീക്ഷിക്കപ്പെടും.
നാല് ടെസ്‌റ്റ് പരമ്പരയിൽ 2-0 എന്ന നിലയിൽ ജയിച്ചാൽ പോലും ഇന്ത്യ ഫൈനലിലേക്ക് കടക്കും. എന്നാൽ പരമ്പര ഏതുവിധേനയും സമനിലയായാൽ ഓസ്‌ട്രേലിയ ആയിരിക്കും ഫൈനലിൽ കടക്കുക. പരമ്പര സ്വന്തമാക്കിയാൽ ഇംഗ്ളണ്ടിനും ഫൈനലിൽ എത്താനുള്ള സാധ്യതകൾ അവശേഷിക്കുന്നുണ്ട്.
Read Also: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു