മലപ്പുറം: സംസ്‌ഥാനത്തെ ഹയർ സെക്കണ്ടറി ബാച്ച് പുന:സംഘടന ഏത് രീതിയിലാണ് കൊണ്ടു പോകേണ്ടതെന്നും നിലവിലെ അവസ്‌ഥയിലുള്ള അപാകതകൾ എന്തൊക്കെയെന്നും പഠിച്ച്, റിപ്പോർട് സമർപ്പിക്കാൻ സർക്കാൻ നിയമിച്ച കമ്മിറ്റിയാണ് പ്രൊഫ. വി കാർത്തികേയൻ കമ്മിറ്റി.
ഉപരിപഠന വിഷയത്തിൽ കേരളത്തിലെ ഏറ്റവും ഉയർന്ന സർക്കാർ വിവേചനവും പരിമിതികളും നേരിടുന്ന മലപ്പുറത്ത് നേരിട്ട് തെളിവെടുപ്പ് നടത്താൻ പ്രൊഫ. വി കാർത്തികേയൻ കമ്മിറ്റി തയാറായിട്ടില്ല എന്നാണ് കേരള മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാണിക്കുന്നത്.
ഇത് നീതീകരിക്കാൻ സാധ്യമല്ലാത്ത തെറ്റാണെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു. ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റും ഇഷ്‍ടപ്പെട്ട കോഴ്‌സും ലഭിക്കാതെ കുട്ടികൾ കഷ്‌ടപ്പെടുന്നത് മലപ്പുറം ജില്ലയിലായിരിക്കെ നേരിട്ടുള്ള തെളിവെടുപ്പിന് കമ്മിറ്റി, ജില്ലയിലെത്താത്തത് ഏറെ പ്രതിഷേധാർഹമാണ്., സംഘടനാ ഭാരവാഹികൾ പറഞ്ഞു.
കമ്മിറ്റിയുടെ സിറ്റിംഗ് മലപ്പുറത്ത് നടത്താൻ അടിയന്തിരമായി സംവിധാനം ഉണ്ടാക്കണമെന്നും ജില്ലയിലെ സീറ്റ് കുറവിന്റെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും പിടിഎ അധ്യാപക സംഘടനകളും ജാഗ്രത പുലർത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
വിദ്യാർഥി സംഘടനകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിർദ്ദേശങ്ങളും കമ്മിറ്റി സ്വീകരിക്കണമെന്നും ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റിയിൽ സികെയു മൗലവി അധ്യക്ഷത വഹിച്ചു. കെകെ എസ് തങ്ങൾ, പിഎസ്‌കെ ദാരിമി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, അലവിക്കുട്ടി ഫൈസി, ബശീർ പടിക്കൽ, മുഹമ്മദ് പറവൂർ,കെപി ജമാൽ, എ അലിയാർ, കെടി ത്വാഹിർ സഖാഫി, ബശീർ ചെല്ലക്കൊടി എന്നിവർ സംബന്ധിച്ചു.
Most Read: തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പരിഗണനയിലെന്ന് സുപ്രീം കോടതി