തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി

തരൂരിന്റെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഇല്ല. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ലീഗ് ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്‌ഥാനാർഥി കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

By Trainee Reporter, Malabar News
PK Kunhalikutty

മലപ്പുറം: ശശി തരൂരിന്റെ കേരള സന്ദർശനങ്ങളിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തരൂരിന്റെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യം ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്‌ഥാനാർഥി കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

”കോൺഗ്രസ് സ്‌ഥാനാർഥിത്വം അവരുടെ ആഭ്യന്തര കാര്യമാണ്. ലീഗ് ഇക്കാര്യത്തിൽ ഇടപെടാറില്ല. രാഷ്‌ട്രീയ പ്രാധാന്യം തരൂരിന്റെ സന്ദർശനത്തിന് കൊടുക്കുന്നില്ല. കോൺഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥി കാര്യത്തിൽ ലീഗ് ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യം പലപ്പോഴും ഉയർന്നിട്ടും ലീഗ് ഒരിക്കലും മിണ്ടിയിട്ടില്ല. തരൂർ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ടതില്ല. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാദ്ധ്യമങ്ങൾ” -കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രി സ്‌ഥാനാർഥി ചർച്ച ഇപ്പോൾ നടത്തുന്നതിൽ അർഥമില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു. ഒരു സമുദായ നേതാവിനെയും താൻ അപ്പോയ്ന്റ്മെന്റ് എടുത്ത് കണ്ടതല്ലെന്നും കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണെന്നും തരൂർ പറഞ്ഞു.

സമുദായ നേതാക്കളെ മാത്രമല്ല, താൻ മറ്റ് നിരവധി ആളുകളെ കാണാറുണ്ടെന്നും എന്നാൽ അതൊന്നും വർത്തയാകാറില്ലെന്നും തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരളം കർമ ഭൂമിയാണ്. നേരത്തെയും നേതാക്കളെ കാണാറുള്ളതാണ്. കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മൽസരിച്ച ശേഷം മറ്റൊരു രീതിയിലാണ് തന്നെ കാണുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്‌താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങൾ ഉണ്ടാകുമെങ്കിലും പാർട്ടിയിൽ സ്‌ഥാനാർഥി നിർണയത്തിൽ ചില രീതികൾ ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞിരുന്നു.

സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തെപ്പറ്റി ശശി തരൂർ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. ചർച്ചകൾ ഇനിയും നടക്കും. എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശശി തരൂർ വ്യക്‌തമാക്കി. തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂർ, കോൺഗ്രസിന്റെ തിരിച്ചു വരവിനായാണ് പരിശ്രമമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വിമുഖത കാട്ടി കൂടുതൽ എംപിമാർ രംഗത്തെത്തി. എന്നാൽ, സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപി തരൂരിന് പിന്നാലെ ടിഎൻ പ്രതാപനും കേരള രാഷ്‌ട്രീയത്തിൽ സജീവമാകാൻ നേതൃത്വത്തെ താൽപര്യം അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം അവരവർ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഓരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നും പറയുന്നത് ശരിയായ രീതിയല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് കൂടുതൽ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Most Read: യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE