കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുകയാണ്. 19ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് ആൻഡമാൻ കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്‌തി പ്രാപിച്ച് ശക്‌തമായ ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 18ഓടെ മധ്യ പടിഞ്ഞാറ്- തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്ക് തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
മറ്റൊരു ന്യൂനമർദ്ദം കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടു. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ- തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തുടർന്ന് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറിൽ ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു