ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്‌തമായ മഴയായിരുന്നു. ഇന്നും സംസ്‌ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാറിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇടുക്കി ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക.
എഡിഎം, ജില്ലാ പോലീസ് മേധാവി, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട് കേരളം തയ്യാറാക്കി വരികയാണ്. 1500 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.
പുതിയ ഡിപിആർ ഡിസംബറിൽ സർക്കാരിന്റെയും കേന്ദ്ര ജല കമ്മീഷന്റെയും പരിഗണനയ്‌ക്ക് സമർപ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് സംസ്‌ഥാന സർക്കാർ നിലപാട്.
Most Read: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി