കൊല്ലം: ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടുക്കൽ സ്വദേശി അനന്തുവാണ് മരിച്ചത്. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ കോട്ടപ്പൊയ്‌കയിലാണ് അപകടം നടന്നത്. അനന്തു, വിഷ്‌ണു, രാഹുൽ, ഷിജു, വിപിൻ എന്നിവരാണ് കുളിക്കാനിറങ്ങിയത്.
പാലത്തിനോട് ചേർന്ന ഭാഗത്ത് കുളിക്കാനിറങ്ങിയ അനന്തു ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂറിനുള്ളിൽ അനന്തുവിനെ കണ്ടെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യവുമായാണ് യുവാക്കൾ പുഴയിൽ എത്തിയതെന്നാണ് വിവരം. രക്ഷപെട്ടവരിൽ നിന്ന് വിശദമായ മൊഴി എടുക്കുമെന്ന് കടയ്‌ക്കൽ പോലീസ് അറിയിച്ചു. അപകട വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയും സ്‌ഥലത്ത് എത്തിയിരുന്നു.
Most Read: റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാം; ആശങ്കയിൽ യുക്രെയ്‌ൻ