കൊച്ചി: രാജ്യവ്യാപകമായി സംയുക്‌ത തൊഴിലായി യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് രാവിലെ തിയേറ്ററുകൾ തുറന്നിരുന്നില്ല. നാളെയും വൈകിട്ട് ആറ് മണിക്ക് ശേഷം സിനിമാ പ്രദർശനം ഉണ്ടാകും.
പൊതു പണിമുടക്കിൽ നിന്ന് കേരളത്തിലെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ദീർഘ നാളാണ് തിയേറ്ററുകൾ അടഞ്ഞു കിടന്നത്. പിന്നീട് നീണ്ട ഇടവേളക്ക് ശേഷമാണ് തിയേറ്ററുകൾ വീണ്ടും പൂർണമായി തുറന്നത്. ഈ ഘട്ടത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത് വലിയ തിരിച്ചടി ആകുമെന്ന് ഫിയോക്ക് വ്യക്‌തമാക്കിയിരുന്നു.
പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതൽ സമരക്കാർ വാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവർക്കും സമാന അനുഭവമാണ് ഉണ്ടായത്. സ്‌ഥാപനങ്ങളിൽ എത്തിയ ജീവനക്കാർക്ക് നേരെയും സമരാനുകൂലികളുടെ മർദ്ദനം ഉണ്ടായി.
Most Read: ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി