തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തിന് പിസി ജോർജിനെതിരെ കേസ് എടുത്തിട്ടും പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്ത്. ആലപ്പുഴയിൽ റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുക്കാത്തത് ഇരട്ട നീതിയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ സഹായിക്കുകയാണ്. പിസി ജോർജിനെതിരെ കേസ് എടുത്തിട്ടും പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികനെതിരെ കേസ് എടുക്കുന്നു. മുസ്‌ലിം പണ്ഡിതൻമാർക്കെതിരെ കേസ് എടുക്കുന്നില്ല. സർക്കാർ വർഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വോട്ട് ലക്ഷ്യമിട്ടാണിത്. വോട്ടിനായി മതഭീകരവാദികളെ സർക്കാർ സഹായിക്കുന്നു. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് ഇടതിനൊപ്പമാണ്. പോപ്പുലർ ഫ്രണ്ടുമായും സഖ്യം ഉണ്ടാക്കി. വോട്ട് ബാങ്ക് താൽപര്യത്തിൽ വർഗീയ ശക്‌തികളെ പ്രോൽസാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതിനിടെ, ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മതസ്‌പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ശനിയാഴ്‌ചയാണ് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം ആലപ്പുഴയിൽ നടന്നത്.
Most Read: അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി