ടെൽ അവീവ്: ഗാസയിൽ ആക്രമണം വീണ്ടും ശക്‌തമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാസയിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കുമെന്നും, ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിന് പിന്നാലെ വടക്കൻ ഗാസയിൽ ഇസ്രയേൽ ലഘുരേഖകളടക്കം വിതരണം ചെയ്‌തിട്ടുമുണ്ട്.
ലബനൻ അതിർത്തിയിലും യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഗാസ മുനമ്പിൽ കടന്നാൽ കനത്ത വില നൽകേണ്ടി വരുമെന്നു ഹിസ്ബുല്ല അറിയിച്ചു. ഇസ്രയേലിന്റെ ആളില്ലാ വിമാനത്തിന് നേരെ ഹിസ്ബുല്ല മിസൈൽ തൊടുത്തു. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. അതേസമയം, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4400 കടന്നു. ഇന്നലെയും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു.
വീട്ട്കൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 50 പേർ കൂടി കൊല്ലപ്പെട്ടു. പിന്നാലെ ടെൽ അവീവ് ലക്ഷ്യമായി ഹമാസിന്റെ റോക്കറ്റാക്രമണവും ഉണ്ടായി. കരയിലൂടെയുള്ള സൈനിക നീക്കത്തിന് മുന്നോടിയായി ഹമാസ് നിയന്ത്രിത മേഖലകളിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമായിരിക്കുകയാണ്. ഈ മേഖലകളിൽ വലിയ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേൽ സൈനികർക്ക് ആളപായം ഉണ്ടാകുന്നത് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം ശക്‌തമാക്കുന്നതെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അഡ്‌മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു. ഇന്ന് മുതൽ ബോംബാക്രമണങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും, ഗാസയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന് ഖത്തർ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് രണ്ടു അമേരിക്കൻ ബന്ദികളെ മോചിപ്പിച്ചിരുന്നു.
മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകളാണ് ഈജിപ്‌ത് തുറന്നുകൊടുത്ത റഫ അതിർത്തി വഴി കഴിഞ്ഞ ദിവസം ഗാസയിലെത്തിയത്. യുഎസും ഇസ്രയേലും മുന്നോട്ടുവെച്ച പരിശോധനാ വ്യവസ്‌ഥകൾ പാലിച്ചാണ് ട്രക്കുകൾ അതിർത്തി കടന്നത്. സഹായം തെക്കൻ ഗാസയിലേക്ക് മാത്രമാണെന്ന ഇസ്രയേൽ നിലപാടും പ്രതിസന്ധി സൃഷ്‌ടിക്കുന്നു.
Most Read| ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ