ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്‌പിൽവേ ഷട്ടറുകൾ അടച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് 1, 5, 6 ഷട്ടറുകൾ അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകൾ നിലവിൽ 50 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. സ്‌പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.
അതേസമയം സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. ഡാമിലെ ജലനിരപ്പ് കുറയ്‌ക്കുന്നതിനായി സ്‌പിൽവേ തുറന്നതിന് ശേഷമുള്ള സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സന്ദർശനം നടത്തുന്നത്. ഇന്ന് രാവിലെ 10 മണിയോടെ സംഘം അണക്കെട്ട് സന്ദർശിക്കുമെന്നാണ് വ്യക്‌തമാക്കിയത്.
കേന്ദ്ര ജലക്കമ്മീഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻഎസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളും, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്‌നാട് പ്രതിനിധികളുമാണ്.
Read also: ദത്ത് വിവാദം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും