കൊട്ടിയൂർ: വെങ്ങലോടിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ. താന്നിക്കൽ അന്നക്കുട്ടിയുടെ വീട്ടുപറമ്പിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്‌ഥിരീകരിച്ചത്. തുടർന്ന്, വീട്ടുപറമ്പിലെ പലയിടങ്ങളിലായി കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
രാത്രിയിൽ പ്രദേശങ്ങളിലെ വളർത്തു നായകളും മറ്റും പ്രത്യേക തരം ശബ്‌ദം പുറപ്പെടുവിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്നാണ് കാൽപ്പാടുകൾ കണ്ടെത്തുന്നത്. ചുറ്റും കാടുനിറഞ്ഞ പ്രദേശമായതിനാൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണിപ്പോൾ. കൂടാതെ വളർത്തു മൃഗങ്ങളുടെ സംരക്ഷണവും ആശങ്കയിലാണ്. കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഇവയെ പിടികൂടാനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി