ന്യൂഡെല്‍ഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി എംപി. സമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും അതിനാൽ ടിക്കായത്ത് ഒരു കൊള്ളക്കാരനാണെന്നും ഭാറൈച്ച് എംപിയായ അക്ഷയ്‌വര്‍ ലാല്‍ ആരോപിച്ചു.
“ടിക്കായത്ത് തീവെട്ടി കൊള്ളക്കാരനാണ്. കര്‍ഷകരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്‌നവുമില്ല. ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ മുഴുവന്‍ സിക്കിസ്‌ഥാനില്‍ നിന്നും പാക്കിസ്‌ഥാനില്‍ നിന്നുമുള്ള രാഷ്‌ട്രീയക്കാര്‍ മാത്രമാണ്”- എംപി പറഞ്ഞു. കാനഡ പോലുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അക്ഷയ്‌വര്‍ പറഞ്ഞു.
“ഇപ്പോള്‍ സമരം ചെയ്യുന്നത് യഥാർഥ കര്‍ഷകരല്ല, അഥവാ അവര്‍ കര്‍ഷകരായിരുന്നെങ്കില്‍ ഇതിനോടകം രാജ്യം പട്ടിണിയിലായേനേ. പഴം പച്ചക്കറികള്‍ ധാന്യങ്ങള്‍ ഇവയൊന്നും വിപണിയില്‍ എത്തുകയുമില്ലായിരുന്നു”- അക്ഷയ്‌വര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം പുതുതായി പ്രഖ്യാപിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷത്തോളമായി കര്‍ഷകര്‍ ഡെല്‍ഹിയിൽ പ്രതിഷേധിക്കുകയാണ്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്‌ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിക്കാതെ തങ്ങൾ മടങ്ങില്ലെന്നുമാണ് കർഷകരുടെ നിലപാട്.
Read also: രാഹുൽ ഗാന്ധിക്ക് എതിരെയുള്ള മാനനഷ്‌ടക്കേസ് തള്ളി