സ്‌തനാർബുദം; അറിഞ്ഞിരിക്കാം ഈ കാരണങ്ങൾ

By Team Member, Malabar News
To Know About The Breast Cancer And Some Of Its Reasons
Ajwa Travels

സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുകയും, സ്‌ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്കിൽ രണ്ടാമത് നിൽക്കുന്നതുമായ ഒന്നാണ് സ്‌തനാർബുദം. സ്‌തനാർബുദം സമയബന്ധിതമായി തിരിച്ചറിയുന്നതും, ചികിൽസ വൈകുന്നതുമാണ് മിക്കപ്പോഴും രോഗം സങ്കീർണമാകുന്നതിന് പ്രധാന കാരണം. അതിനാൽ തന്നെ സ്‌തനാർബുദം സമയബന്ധിതമായി തിരിച്ചറിയേണ്ടതും, കൃത്യമായ സമയത്ത് ചികിൽസ തേടേണ്ടതും അനിവാര്യമാണ്.

ഇന്ത്യയിലെ സ്‌ത്രീകളിൽ സ്‌തനാർബുദം റിപ്പോർട് ചെയ്യുന്നത് പ്രതിവർഷം വർധിക്കുകയാണ്. നിലവിൽ 28 സ്‌ത്രീകളിൽ ഒരാൾക്ക് സ്‌തനാർബുദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌തനാർബുദം ഉണ്ടാകാൻ ജനിതകമായ പല കാരണങ്ങൾ ഉണ്ട്. അതിനൊപ്പം തന്നെ ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളും നിലവിൽ സ്‌തനാർബുദത്തിലേക്ക് വഴിവെക്കുന്നതായാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌.

സ്‌തനാർബുദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.

നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് അമിതവണ്ണം. ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവക്കൊപ്പം അമിതവണ്ണം സ്‌തനാർബുദത്തിനും കാരണമാകാറുണ്ട്. കോശങ്ങളില്‍ കൊഴുപ്പിന്റെ അമിത നിക്ഷേപമുണ്ടാകുമ്പോള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും, ഇത് ക്യാന്‍സറസ് കോശങ്ങളുടെ വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. കൂടാതെ പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയും സ്‌തനാർബുദത്തിന് കാരണമാകാറുണ്ട്.

ഉയര്‍ന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതും, ബാലൻസ്‌ഡ്‌ അല്ലാത്ത ഡയറ്റ് പിന്തുടരുന്നതും ജങ്ക്- പ്രോസസ്ഡ് ഫുഡ്, റിഫൈന്‍ഡ് കാര്‍ബ് അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം പതിവായി കഴിക്കുന്നതും സ്‌തനാർബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ പതിവായി ഉള്ള സ്‌ത്രീകളിൽ സ്‌തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് പഠനങ്ങൾ വ്യക്‌ത മാക്കുന്നുണ്ട്. സ്‌ഥിരമായി മദ്യപിക്കുന്ന സ്‌ത്രീകളിൽ 7-10 ശതമാനം വരെയാണ് സ്‌തനാർബുദ സാധ്യത. കൂടാതെ കരള്‍രോഗം, മാനസികപ്രശ്‌നങ്ങള്‍, ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പതിവായി മദ്യപിക്കുന്ന സ്‌ത്രീകളിൽ ഉണ്ടാകാറുണ്ട്.

പ്രത്യുൽപാദന വ്യവസ്‌ഥയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും സ്‌ത്രീകളില്‍ സ്‌തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാറുണ്ട്. വൈകിയുള്ള ഗര്‍ഭധാരണം, കുഞ്ഞുങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സ്‌തനാർബുദത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ ആർത്തവവുമായി ബന്ധപ്പെട്ട അസ്വാഭാവികതകളും സ്‌തനാർബുദത്തിന് കാരണമാകാറുണ്ട്. 12 വയസിന് മുൻപ് ആർത്തവം ആരംഭിക്കുന്ന സ്‌ത്രീകളിലും, വൈകി ആർത്തവം ആരംഭിക്കുന്ന സ്‌ത്രീകളിലും ഇതിനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്‌ഥയുമായി ബന്ധപ്പെട്ടാണ് ഇത് സംഭവിക്കുന്നത്.

സ്‌തനങ്ങളുടെ വലിപ്പമോ ആകാരമോ ചില സന്ദർഭങ്ങളിൽ സ്‌തനാർബുദത്തിന് കാരണമാകാറുണ്ടെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്. കനമുള്ള സ്‌തനങ്ങളാണെങ്കില്‍ അവയില്‍ ഫ്രൈബസ് ടിഷ്യൂസ് കൂടുതലായി കണ്ടേക്കാം. അതിന് അനുസൃതമായി കൊഴുപ്പിന്റെ നിക്ഷേപവും കൂടാം. ഇത് അര്‍ബുദത്തിന് കാരണമായേക്കാം. കൂടാതെ വലിപ്പമുള്ള സ്‌തനങ്ങളിൽ അർബുദം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാതെ പോകുന്നതായും വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്.

Read also: ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE