കരളിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനമായി ആചരിക്കാറുണ്ട്. 1990നും 2017നും ഇടയ്‌ക്ക് പുതിയ കരൾ അർബുദ കേസുകളിൽ 100 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതിൽ മൂന്നിൽ രണ്ടും വൈറൽ ഹെപ്പറൈറ്റിസ് മൂലവും 16 ശതമാനം ഫാറ്റി ലിവർ പോലുള്ള മറ്റു കാരണങ്ങളാലും സംഭവിക്കുന്നതാണ്.
ശരീരത്തെ വിഷമുക്‌തമാക്കുക, ദഹനത്തെ സഹായിക്കുന്ന ബൈൽ ഉൽപ്പാദിപ്പിക്കുക, ചയാപചയ പ്രക്രിയയെ നിയന്ത്രിക്കുക എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സുപ്രധാന അവയവമാണ് കരൾ. ഇതിനാൽ തന്നെ കരളിനെ സംരക്ഷിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ ഗതിയിൽ കരൾ രോഗങ്ങൾ നിർണയിക്കുന്നത് രക്‌തപരിശോധനയിലൂടെയും കരൾ പ്രവർത്തന പരിശോധനയിലൂടെയുമാണ്.
എന്നിരുന്നാലും, കരൾ പ്രശ്‌നങ്ങൾ ഉള്ളവരെ ബാധിച്ചേക്കാവുന്ന ചില ലക്ഷണങ്ങളുമുണ്ട്. ശരീരഭാരം കുറയൽ, വയറിന്റെ മുകൾ ഭാഗത്ത് വേദന, പാദങ്ങളുടെ വീക്കം, ചർമത്തിന്റെ മഞ്ഞ നിറം, ഓക്കാനം, ദഹന പ്രശ്‌നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം.
1. മദ്യപാനം
കരൾ രോഗത്തെ അപകടത്തിലാക്കുന്ന ആദ്യത്തെ ഘടകമാണ് മദ്യപാനം. അമിതമായ മദ്യപാനം കരളിന്റെ ആരോഗ്യത്തെ ബാധിക്കും. ഓരോ തവണയും കരൾ മദ്യം ഫിൽട്ടർ ചെയ്യുമ്പോൾ, കരൾ കോശങ്ങളിൽ ചിലത് നശിക്കുന്നു. കരളിന് പുതിയ കോശങ്ങൾ വികസിപ്പിക്കാൻ കഴിയും. എന്നാൽ, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മദ്യപാനം പുനരുജ്ജീവിപ്പിക്കാനുള്ള അതിന്റെ കഴിവ് കുറയ്‌ക്കും. ഇത് കരളിന് ഗുരുതരവും ശാശ്വതവുമായ കേടുപാടുകൾ വരുത്തിയേക്കാം.
2. അമിതവണ്ണം
അമിതവണ്ണം അപകടത്തിലാക്കുകയും കരൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ അവസ്‌ഥകളിൽ ഒന്നാണ് ഫാറ്റി ലിവർ രോഗം. ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കരളിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. കരൾ പ്രവർത്തനരഹിതമാക്കും. അതിനാൽ കോള, സോഡ തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
3. കൊളസ്ട്രോൾ
ഉയർന്ന കൊളസ്‌ട്രോൾ കരളിനെ മാത്രമല്ല മറ്റുപല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പാലിച്ചാൽ തീർച്ചയായും കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാം. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ലളിതമായ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.
4. ജനിതകശാസ്‌ത്രം
കരൾ രോഗത്തിനുള്ള ജനിതക പ്രവണതയും ഒരു യാഥാർഥ്യമാണ്. അടുത്ത കുടുംബാംഗങ്ങൾക്ക് കരൾ രോഗം ഉണ്ടെങ്കിൽ നിങ്ങൾ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുകയും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സ്വയം പരിശോധന നടത്തുകയും വേണം.
5. രാസവസ്‌തുക്കൾ
പഴങ്ങളിലും പച്ചക്കറികളിലെയും രാസവസ്‌തുക്കൾ, എയറോസോൾ ഉൽപ്പന്നങ്ങൾ, കീടനാശിനികൾ, ഭക്ഷണത്തിലെ മറ്റു ഡിറ്റക്‌ടീവുകൾ എന്നിവയിൽ നിന്നുള്ള വിഷവസ്‌തുക്കളുമായി ദീർഘനേരം എക്‌സ്‌പോഷൻ ചെയ്‌തതിന് ശേഷവും കരൾ രോഗം വികസിച്ചേക്കാം. ഈ വിഷവസ്‌തുക്കൾ കരളിനെ ദോഷകരമായി ബാധിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
6. പുകവലി
പുകവലി കരൾ അർബുദം ഉൾപ്പടെയുള്ള വിവിധ അർബുദങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. നിങ്ങൾ പുകവലിക്കുകയോ മദ്യം കഴിക്കുകയും ചെയ്‌താൽ കരൾ കാൻസറിനുള്ള സാധ്യത വർധിക്കുന്നു. പുകവലിക്കുന്നവരിലും ഹെപ്പറൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധ ഉള്ളവരിലും അപകട സാധ്യത കൂടുതലായിരിക്കാം.
Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്