പാലക്കാട്: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്ത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇരു വിഭാഗവും സമരവുമായി റോഡിലിറങ്ങിയത്. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിക്കാനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
ദേശീയ പാതയിൽ സർവീസ് റോഡോ, മലിനജലം ഒഴുകുന്ന കാനയോ നിർമിച്ചിട്ടില്ല. തദ്ദേശ വാസികളുടെ സൗജന്യ പാസിലും തീരുമാനം ആയിട്ടില്ല. ഈ പശ്‌ചാത്തലത്തിൽ മൂന്ന് ദിവസമായി ഡിവൈഎഫ്ഐ സമരം നടത്തുകയാണ്. ടോൾ പ്ളാസ ഉപരോധിക്കുകയും ചെയ്‌തു. പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടിഎം ശശി പറഞ്ഞു. ഒറ്റവരി സമരം നടത്തിയാണ് ബിജെപി പ്രതിഷേധിച്ചത്.
നിർമാണം പൂർത്തിയായില്ലെങ്കിലും ടോൾ പിരിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ സജ്‌ജമാക്കിയിട്ടുണ്ട്. ട്രയൽ സ്‌കാനിങ്ങും തുടങ്ങി. അതേസമയം, വടക്കഞ്ചേരി-പന്തലാംപാടം സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് ടോൾ പ്ളാസക്ക് മുമ്പിൽ പ്രതിഷേധ ജ്വാല നടത്തും. 308 ദീപങ്ങൾ കത്തിച്ചാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ അറിയിച്ചു.
Most Read: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും