ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം ചുരുക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സമയം കുറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളില്‍ ഗുരുതരമായ ശാരീരിക – മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം ചുരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസ് സമയം ചുരുക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ, ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ സമയ ദൈര്‍ഘ്യം കുറക്കാനാണ് ഇടക്കാല ഉത്തരവ്.

തിരുവല്ല സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ടി പി വിനോദ്കുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. ഈ വിദ്യാലയത്തിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ 9 മുതല്‍ 5.30 വരെ നീളുന്നുവെന്നാണ് പരാതി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 47 പേര്‍ എതിര്‍കക്ഷികളായ പരാതിയില്‍ ക്ലാസിനുശേഷം കലോത്സവത്തിനും മറ്റ് പരിശീലനങ്ങള്‍ക്കുമായി കുട്ടികള്‍ക്ക് 10 മണിക്കൂറിലേറെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നതായി പറയുന്നു. കൂടാതെ ഇത് കുട്ടികളില്‍ മാനസിക പ്രശ്നങ്ങളും കാഴ്ചയുടെ പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്നും പരാതിയിലുണ്ട്. ഇതിന് പുറമെ അധ്യാപകര്‍ നിര്‍ദേശിക്കുന്ന അസൈന്‍മെന്റുകളും മറ്റ് ഹോം വര്‍ക്കുകളും ദിവസേനയുള്ള ടെസ്റ്റ് പേപ്പറുകളും കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

പൊതുവിദ്യാലയത്തിലെ കുട്ടികള്‍ വിക്ടേഴ്സ് ചാനലിലെ പാഠഭാഗങ്ങള്‍ രസകരമായി പഠിക്കുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പഠനഭാരം ഏറുന്ന സാഹചര്യം കണക്കിലെടുത്താണ് കമ്മീഷന്‍ നടപടിയുമായി മുന്‍പോട്ട് വന്നത്.

ഓണ്‍ലൈന്‍ ക്ലാസിന്റെ ഒരു സെഷന്റെ സമയപരിധി മുഴുവന്‍ വിദ്യാലയങ്ങളിലും പരമാവധി അരമണിക്കൂര്‍ ആക്കണമെന്ന് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദേശിച്ചു. ഒരു ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് രണ്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കൂടാതെ ഓരോ സെഷനുശേഷവും കുറഞ്ഞത് 15 മുതല്‍ 30 മിനിറ്റുവരെ വിശ്രമവേളയും വേണം. ടേം പരീക്ഷക്ക് സമാനമായ ഓണ്‍ലൈന്‍ എഴുത്തു പരീക്ഷകള്‍ നടത്തരുതെന്നും ഈ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ഓരോ മാസത്തെയും ഓണ്‍ലൈന്‍ ക്ലാസുകളുടെ ടൈംടേബിള്‍ കലക്ടര്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം കോവിഡ് മൂലം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നേരിട്ട സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിനും കുട്ടികളുടെ വിരസതയും നിരാശയും ഒരുപരിധിവരെ പരിഹരിക്കുന്നതിനുമാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also: എംസി കമറുദ്ദീനെതിരെ സിപിഎം സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE