കാസർഗോഡ്: കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക. തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെയാണ് കടന്നു പോകുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും എന്നായിരുന്നു കര്‍ണാടക സര്‍ക്കാർ നേരത്തെ അറിയിച്ചിരുന്നത്.
കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്താനായിരുന്നു കര്‍ണാടകയുടെ തീരുമാനം. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിന്റെ ഭാഗമായി ആയിരുന്നു നിയന്ത്രണം കടുപ്പിച്ചത്. എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെയാണ് ഇന്ന് കടന്നു പോകുന്നത്. അതേസമയം യാത്രാ നിയന്ത്രണമില്ലെങ്കിലും തലപ്പാടിയില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സംവിധാനം വിപുലപ്പെടുത്തിയിട്ടുണ്ട്.
യാത്ര വിലക്കില്ലെങ്കിലും അതിര്‍ത്തിയിലെ സംവിധാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇതുവരെയും വ്യക്‌തത കൈവന്നിട്ടില്ല. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. നിയന്ത്രണമുണ്ടായാല്‍ പ്രതിഷേധത്തിന് തയാറായി നാട്ടുകാര്‍ രാവിലെ തന്നെ തലപ്പാടിയില്‍ കേന്ദ്രീകരിച്ചിരുന്നു.
അതേസമയം ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്‌തുകൊണ്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഈ മാസം 23ന് വിധി പറയും. അതുവരെ നിയന്ത്രണം ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
Read Also: പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി