ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ സംസ്‌ഥാന സർക്കാരുകൾക്ക് സാധിക്കുമെന്ന് സുപ്രീം കോടതി. വിവാദമായ പൗരത്വ നിയമ ഭേദഗതി (സിഎഎ), കാർഷിക നിയമങ്ങൾ എന്നീ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് എതിരെ കേരളം, പശ്‌ചിമ ബംഗാൾ നിയമസഭകൾ പ്രമേയം പാസാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ പ്രമേയങ്ങൾ ഒരു നിയമസഭയിലെ ഭൂരിപക്ഷ അംഗങ്ങളുടെ ‘അഭിപ്രായങ്ങൾ’ മാത്രമാണെന്നും അതിന് നിയമത്തിന്റെ പിൻബലമില്ലെന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രാജസ്‌ഥാൻ ആസ്‌ഥാനമായുള്ള എൻജിഒ സംത ആന്ദോളൻ സമിതി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജസ്‌ഥാൻ, കേരളം, പഞ്ചാബ്, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാന നിയമസഭകൾക്ക് കേന്ദ്ര നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിന് അവകാശമില്ലെന്ന് ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂളിൽ പറയുന്നുണ്ട് എന്നായിരുന്നു ഹരജിയിലെ വാദം. പ്രമേയങ്ങൾ റദ്ദാക്കി അവ അസാധുവായി പ്രഖ്യാപിക്കണമെന്ന് സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷക സൗമ്യ ചക്രബര്‍ത്തി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സമത്വത്തിനുള്ള അവകാശം ലംഘിക്കുന്ന നിയമമായി സിഎഎയെ വിമർശിച്ച് 2019 ഡിസംബർ 31ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ മുന്‍നിര്‍ത്തിയായിരുന്നു ഹരജിയിൽ കൂടുതലും വാദിച്ചത്. സിഎഎ റദ്ദാക്കാൻ കേരള നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
“കേരള നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണിത്. നിയമം അനുസരിക്കരുതെന്ന് അവർ ജനങ്ങളോട് പറഞ്ഞിട്ടില്ല, നിയമം റദ്ദാക്കാൻ മാത്രമാണ് അവർ പാർലമെന്റിനോട് പറഞ്ഞത്. ഇത് ഒരു അഭിപ്രായം മാത്രമാണ്, നിയമ പിന്തുണയില്ല, ”- ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
എന്നാൽ നിയമം ‘നല്ലതാണോ ചീത്തയാണോ’ എന്ന് കേരള നിയമസഭക്ക് അഭിപ്രായമുണ്ടാകരുതെന്ന് സൗമ്യ ചക്രബര്‍ത്തി പറഞ്ഞു. “അവർക്ക് (സംസ്‌ഥാന നിയമസഭകൾക്ക്) യൂണിയൻ ലിസ്‌റ്റിലെ വിഷയങ്ങളിൽ നിയമങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അവയെക്കുറിച്ച് ഒരു സാധാരണ അഭിപ്രായം പറയാനും കഴിയില്ല,”- എന്ന് ചക്രബർത്തി വാദിച്ചു. സിഎഎയ്‌ക്കെതിരെ 60ഓളം ഹരജികൾ സുപ്രീം കോടതിയിൽ പരിഗണിക്കുന്നതിന് ഇടയിലാണ് പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാദത്തെ തള്ളിയാണ് സുപ്രീം കോടതി പ്രതികരിച്ചത്. “പാർലമെന്റ് തയ്യാറാക്കിയ നിയമം മാറ്റിവെക്കാൻ കേരള നിയമസഭക്ക് അധികാരമില്ലെന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും. എന്നാൽ ഒരു അഭിപ്രായം പ്രകടിപ്പിക്കാൻ അവർക്ക് അവകാശമില്ലേ? ”- ചീഫ് ജസ്‌റ്റിസ് ചോദിച്ചു.
ഈ ചോദ്യത്തിന് അഭിഭാഷകൻ നൽകിയ മറുപടിയും കോടതിയെ ചൊടിപ്പിച്ചു. സംസ്‌ഥാനങ്ങളെ ബാധിക്കാത്ത കാര്യങ്ങളിൽ നിയമസഭസഭ പ്രമേയം പാസാക്കരുത് എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാൽ ഇത് സംസ്‌ഥാനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും എന്ന് ചീഫ് ജസ്‌റ്റിസ് തിരിച്ചു ചോദിച്ചു. വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താൻ ഹരജിക്കാരനോട് ആവശ്യപ്പെട്ട കോടതി കേസ് നാലാഴ്‌ചത്തേക്ക് മാറ്റിവച്ചു.
Also Read: വികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ പ്രശംസിച്ച് അനിൽ അക്കര