യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ

തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണ് പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Tulsi Gabbard
Ajwa Travels

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.

തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണ് പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. തന്റെ വിശ്വസ്‌തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിചയസമ്പന്നരെ മറികടന്ന് തുൾസിയെ ദേശീയ ഇന്റലിജൻസ് ഡയറക്‌ടറായി ട്രംപ് തിരഞ്ഞെടുത്തത്.

2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാനുള്ള മൽസരത്തിൽ തുൾസിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിൻമാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി ഇത്തവണ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ പ്രസിഡണ്ട് സ്‌ഥാനാർഥിയാക്കാൻ പരിഗണിച്ചവരിൽ 43-കാരിയായ തുൾസിയുമുണ്ടായിരുന്നു.

യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണ് തുൾസി ഗബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്‌ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. അമേരിക്കക്കാരി ആണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. രണ്ട് പതിറ്റാണ്ടിലേറെ ആർമി നാഷണൽ ഗാർഡിൽ അംഗമായിരുന്ന തുൾസി, ഇറാഖിലും കുവൈത്തിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

റിപ്പബ്ളിക്കൻ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. ആർമി നാഷണൽ ഗാർഡിൽ സേവനം അനുഷ്‌ഠിച്ചിരുന്ന ഹെഗ്‌സെത് തീവ്രനിലപാട് മൂലം സേനയുമായി തല്ലിപ്പിരിഞ്ഞ് രാജിവെക്കുകയായിരുന്നു.

അറ്റോർണി ജനറലായി മാറ്റ് ഗെയ്‌റ്റ്‌സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി മേധാവിയായി ജോൺ റാറ്റ്‌ക്ളിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി ആർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്‌ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്‌റ്റീവൻ വിറ്റ്‌കോഫ്, ഹോംലാൻഡ്‌ സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്‌റ്റി നോം എന്നിവരുടെയും നിയമനം ട്രംപ് പ്രഖ്യാപിച്ചു.

യുഎസ് സെനറ്റിലെ റിപ്പബ്ളിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽ നിന്നുള്ള സെനറ്റർ ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടു. മൽസര രംഗത്തുണ്ടായിരുന്ന ട്രംപിന്റെ വിശ്വസ്‌തൻ റിക്ക് സ്‌കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. നൂറംഗ സെനറ്റിൽ 52 സീറ്റുമായി റിപ്പബ്ളിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.

Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE