സമ്പർക്ക കേസുകളില്ലാതെ ഇരുനൂറ് ദിനങ്ങൾ; അഭിമാന നേട്ടവുമായി തായ്‌ലാൻഡ്

By News Desk, Malabar News
No covid case in 200 days in taiwan

തായ്‌പേയ്: കോവിഡിനെ തുരത്തിയ പല രാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് തീവ്രമാകുന്ന സാഹചര്യത്തിൽ അഭിമാനാർഹമായ നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാൻ. പ്രാദേശിക സമ്പർക്ക കേസുകളില്ലാത്ത ഇരുനൂറാം ദിനം എന്ന റെക്കോർഡാണ് തായ്‌വാൻ നേടിയിരിക്കുന്നത്. ഫ്രാൻസ്, ജർമനി, ഇറ്റലി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി കോവിഡ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് തായ്‌വാൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

തായ്‌വാനിൽ അവസാനമായി സമ്പർക്ക വ്യാപന കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്‌ ഏപ്രിൽ 12നാണ്. ആകെ 553 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌. കൃത്യവും മെച്ചപ്പെട്ടതുമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജനങ്ങളുടെ സുരക്ഷാ മുൻകരുതലുകൾ, നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ എന്നിവ കാരണമാണ് തായ്‌വാൻ മഹാമാരിയെ പിടിച്ചുകെട്ടിയത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തായ്‌വാൻ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്‌ഥിര താമസക്കാരെയല്ലാതെ മറ്റാരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

സമ്പർക്ക വ്യാപന കേസുകളില്ലെങ്കിലും വിദേശത്ത് നിന്ന് വരുന്ന ചുരുക്കം ചിലർക്ക് രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതർക്കും അവരോട് സമ്പർക്കം പുലർത്തിയവർക്കും നിരീക്ഷണം ശക്‌തമാക്കി. ക്വാറന്റീൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ ഫെൻസിങ് സംവിധാനം നടപ്പിലാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ വസ്‌തുക്കൾ എത്തിക്കാൻ പ്രത്യേക ഡിജിറ്റൽ-നോൺ ഡിജിറ്റൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് മാസ്‌കിന്റെ പ്രതിദിന ഉൽപാദനം 10 മടങ്ങോളം വർധിപ്പിച്ചു. രാജ്യത്തെമ്പാടും മാസ്‌ക് വിതരണം ഉറപ്പാക്കി. റേഷൻ അടിസ്‌ഥാനത്തിലാണ്‌ ജനങ്ങൾക്ക് ഇവിടെ മാസ്‌ക് വിതരണം ചെയ്യുന്നത്. മാസ്‌കിന്റെ കയറ്റുമതി നിരോധിക്കുകയും ചെയ്‌തു. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും ഏർപ്പെടുത്തി.

Also Read: യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു

പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ തായ്‌വാൻ നേരത്തെ സ്വീകരിച്ചിരുന്ന പ്രതിരോധ രീതികൾ കോവിഡിനെ ഫലപ്രദമായി നേരിടാനും സഹായിച്ചു. 2003 ൽ രാജ്യത്ത് പടർന്ന് പിടിച്ച സാർസ് പകർച്ചവ്യാധി മൂലം 73 പേരാണ് തായ്‌വാനിൽ മരണപ്പെട്ടത്. സാർസ് കൂടാതെ എച്1എൻ1, പക്ഷിപ്പനി തുടങ്ങിയവയെ നേരിട്ട അനുഭവപാഠങ്ങളും തായ്‌വാൻ ജനതയുടെ മനസിലുണ്ടായിരുന്നു. ഇത് സുരക്ഷാ മുൻകരുതലുകൾ ശീലമാക്കാൻ അവരെ പ്രാപ്‌തരാക്കി.

ലോകരാജ്യങ്ങളിൽ നിന്നുള്ള പലരും തായ്‌വാന് പ്രശംസയുമായി എത്തിയിരുന്നു. തായ്‌വാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് യുഎസ് സെനറ്റർ ബെർണീ സാൻഡേർസ് പറഞ്ഞു. തായ്‌വാൻ ലോകത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചിരിക്കുന്നെന്നും ഓസ്‌ട്രേലിയയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ ഈ നേട്ടം വളരെ വലുതാണെന്നും ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗം പ്രൊഫസർ പീറ്റർ കോളിങ്‌നൺ അഭിപ്രായപ്പെട്ടു.

National News: ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്‌ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE