ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്‌തമായി. അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, ബിഷ്‌ണുപുർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പുർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് താൽക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഇംഫാൽ വെസ്‌റ്റിലും ഇംഫാൽ ഈസ്‌റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ജിരിബാമിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ശക്‌തമായത്. ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം നിരവധി എംഎൽഎമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി.
ജിരിബാമിൽ ക്രിസ്‌തീയ ദേവാലയങ്ങൾക്കെതിരെയും വ്യാപക ആക്രമണമുണ്ടായി. 5 പള്ളികൾക്കും ആറ് വീടുകൾക്കും തീയിട്ടു. കുക്കി അവാന്തര വിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയവ അക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
സംസ്‌ഥാനത്ത് ആക്രമണം ശക്‌തമായ സാഹചര്യത്തിൽ അഫ്‌സ്‌പ നിയമം പിൻവലിക്കാൻ സംസ്‌ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്. വ്യാഴാഴ്‌ച ആറ് പോലീസ് സ്‌റ്റേഷനുകളിൽ അഫ്‌സ്‌പ വീണ്ടും പ്രാബല്യത്തിൽ വന്നിരുന്നു. മെയ്‌തെയ് ആധിപത്യമുള്ള മേഖലയിലാണ് ഇതിൽ അഞ്ചും. അഫ്‌സ്‌പ വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. പ്രധാന കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനഃസ്‌ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി