കോഴിക്കോട്: അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌ത സംഭവത്തിൽ നടപടിയുമായി ജില്ലാ ഭരണകൂടം. വിലങ്ങാട് ആദിവാസി കോളനിയിലാണ് അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌തത്. ആദിവാസി കോളനി റോഡിൽ പൊടിമണ്ണിൽ ടാറിട്ട സംഭവം വിവാദം ആയതോടെയാണ് ജില്ലാ കളക്‌ടർ ഇടപെട്ടത്. സംഭവത്തിൽ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാനാണ് ജില്ലാ കളക്‌ടറുടെ നിർദ്ദേശം.
കോളനികളുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരെ ഒഴിവാക്കുമെന്നും കളക്‌ടർ ഉത്തരവിട്ടു. പഞ്ചായത്ത് അധികൃതർ, നാട്ടുകാർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗം കളക്‌ടർ ചേർത്തു. കരാറുകാർ ഗുരുതര ക്രമക്കേട് നടത്തിയതായും ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും കളക്‌ടർ യോഗത്തിൽ ഉറപ്പ് നൽകി.
ഈ മാസം 28ന് മുൻപ് നിർമാണം പൂർത്തിയാക്കണമെന്നും നിർദ്ദേശം നൽകി. ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ വികസനത്തിനായി അനുവദിച്ച ഏഴര കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെട്ടതാണ് റോഡ് നിർമാണം. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതികൾ ഏഴ് വർഷമായിട്ടും എങ്ങുമെത്തിയില്ല. അതേസമയം, പദ്ധതി സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Most Read: കരിപ്പൂരിലെ കോവിഡ് പരിശോധനയിൽ പാളിച്ച; വ്യാപക പരാതി