കാൻപുർ: ഉത്തർപ്രദേശിലെ കാൻപുറിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് 13 വയസുകാരിയായ മകള്‍ കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പിതാവ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ചായ കുടിക്കാനായി പുറത്തിറങ്ങിയ പെൺകുട്ടിയുടെ പിതാവിനെ ഒരു ട്രക്ക് ഇടിച്ചിടുക ആയിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി.
ട്രക്ക് ഡ്രൈവർ സംഭവ സ്‌ഥലത്തു നിന്നു കടന്നു. വാഹനാപകടത്തിനു ഇടയാക്കിയ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ തന്നെ പിടികൂടുമെന്നും കാൻപുർ പോലീസ് അറിയിച്ചു. കനൗജിലെ സബ് ഇൻസ്‌പെക്‌ടറുടെ മകൻ ഗോലു യാദവിനെ കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
കേസിൽ മൂന്ന് യുവാക്കളാണ് പ്രതി സ്‌ഥാനത്തുള്ളത്. മുഖ്യപ്രതിയായി ഗോലു യാദവ് വന്നതോടെ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ നിരവധി ആരോപണങ്ങളാണ് പോലീസ് അഴിച്ചുവിട്ടത്. ഗോലു യാദവിനെ കേസിൽ പെടുത്തുകയായിരുന്നു എന്നും പെൺകുട്ടിയുടെ കുടുംബം നിരന്തരം ഗോലു യാദവിനെതിരെ ഭീഷണി മുഴക്കിയെന്നും പോലീസ് ആരോപിച്ചിരുന്നു.
ഗോലു യാദവിനും കൂട്ടാളികൾക്കുമെതിരെ പരാതി നൽകിയതിനു പിന്നാലെ മാനസികമായി ഏറെ പീഡനങ്ങൾ സഹിക്കുന്നതായും നിരവധി ഭീഷണികൾ നേരിട്ടിരുന്നതായും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും നേരത്തെ തന്നെ ആരോപിച്ചിരുന്നു.
പെൺകുട്ടിയുടെ അച്ഛന്റെ മരണം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ലൈംഗിക പീഡനത്തിനും ക്രിമിനൽ ഗൂഢാലോചനക്കും കേസെടുത്തിരുന്നുവെന്നും, പെൺകുട്ടിയുടെ പിതാവിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്നും കാൻപുർ പോലീസ് മേധാവി അറിയിച്ചു. അപകട മരണത്തിനു കേസെടുത്തതായും പോലീസ് പറഞ്ഞു.
Read Also: എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം