കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി മെഡിക്കൽ ബോർഡ്. വാവ സുരേഷ് ഇന്ന് മുറിയിലൂടെ അൽപ്പ നേരം നടന്നു. ഡോക്‌ടർമാരുടെ സഹായത്തോടെ ആണെങ്കിലും നടക്കാൻ കഴിഞ്ഞത് നല്ല ലക്ഷണമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
ഇദ്ദേഹത്തെ ഐസിയുവിൽ നിന്ന് തൊട്ടടുത്തുള്ള സ്‌പെഷ്യൽ റൂമിലേക്ക് മാറ്റി. സുരേഷിന് ഇപ്പോൾ നല്ല ബോധമുണ്ട്. ഡോക്‌ടർമാരോട് സംസാരിക്കുന്നുണ്ട്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് കൊടുക്കുന്നത്. നടക്കാൻ സാധിച്ചതിനാൽ പേശികൾക്ക് ബലക്കുറവ് ഉണ്ടായിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. തലച്ചോറിലേക്ക് ഓക്‌സിജൻ എത്തുന്നതും വർധിച്ചിട്ടുണ്ട്.
ഏതാനും ദിവസം കൂടി നിരീക്ഷണത്തിൽ തുടരും. ഇന്ന് രാവിലെ ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിൽ വാവ സുരേഷ് ഡോക്‌ടർമാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് എത്തിയത്.
Most Read: ‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന